ഋതുശബ്ദങ്ങള്‍

എന്റെ അക്ഷരലോകം

Sunday, September 29, 2019

പലായനം


നന്മ നിറഞ്ഞിരുന്ന നാട്ടിൽ 
അസത്യങ്ങളുടെ മാലിന്യം
കുമിഞ്ഞുകൂടിയപ്പോഴാണ്‌
നേരുകൾ പലായനം ചെയ്തത്‌
അസത്യ കൂമ്പാരങ്ങളിൽനിന്നുയർന്ന
ചത്തമൃഗങ്ങളുടെ ദുർഗന്ധം
നന്മയുടെ സുഗന്ധത്തിന്റെ
അവസാനകണികയെയും വിഴുങ്ങി

നേരില്ലാ വാക്കുകൾ
പ്രളയം തീർത്തപ്പോഴാണ്‌
നേരിന്റെ കവിതകൾ 
വീടൊഴിഞ്ഞുപോയത്‌
പൊരുളൊഴിഞ്ഞ വാക്കുകൾ
നെഞ്ചകങ്ങളിൽ
താണ്ഡവമാടിയപ്പോഴാണ്‌
സംസ്കൃതിയുടെ സ്വരങ്ങൾക്ക്‌
ഇടർച്ചയുണ്ടായത്‌

ആളൊഴിഞ്ഞ തെരുവിൽ
കറുത്ത ആകാശം നോക്കിക്കിടക്കവേ
ബോധങ്ങളിൽ ഒരു കൊള്ളിയാൻ മിന്നി
പലായനങ്ങളൊന്നും സ്ഥായിയല്ല
നേരിന്റെനന്മയുടെ മടങ്ങിവരവ്‌
അതിവിദൂരമല്ലെന്ന ബോധോദയത്തിൽ 
തെരുവിലൂടെ കവി കുതിച്ചോടുന്നു
(28/9/2019)

Monday, September 9, 2019

തെരുവിന്റെ വിജനതയിലേക്കൊരു
മഴ  ആർത്തിരമ്പിയെത്തുന്നു🌧 ☔️

തിരച്ചിൽ

തിരയുന്നു മുൻപെങ്ങുമില്ലാവിധം
സ്നേഹം മാത്രം പതിയുമേടുകൾ‌
സ്നേഹത്തുള്ളി കുടയും മഷിക്കുപ്പികൾ
സ്നേഹം മാത്രം പടരും ക്യാൻവാസുകൾ

Tuesday, August 15, 2017

അക്ഷരങ്ങള്‍ തീര്‍ത്തൊരു
കുന്നിന്‍ചെരുവിലൂടെ
മേയുകയാണ് ഞാന്‍
ദൂരെയൊരു തെരുവില്‍
ആള്‍ക്കൂട്ടത്തിനിടയില്‍
അനാഥമായൊരു കവിത
മരങ്ങളെ സ്നേഹിക്കുന്ന
പച്ചപ്പിനെ പ്രണയിക്കുന്ന
പാവമൊരു മനസ്സായിപ്പോയി

Wednesday, February 4, 2015

അടയാളങ്ങള്‍



ആ പുഴയില്‍ നിശ്ചലം ഒഴുകുന്നത്
ആകാശത്തിന്റെ പ്രതിബിംബമെന്നു
കളവ് പറഞ്ഞതാരാണ് ?

ആ ഗ്രാമത്തിലെ വീടുകളില്‍
ഇപ്പോള്‍ വെള്ളപ്പൊക്കമെന്നു
നുണ പറഞ്ഞതാരാണ്?

ആ നാട്ടില്‍ ഈ നേരം
മരണഭീതി വിതക്കുന്നവര്‍
ഭ്രാന്തരെന്നബദ്ധം  ചിന്തിച്ചതെന്തേ?
താഴ്വാരങ്ങളില്‍ എന്നും
നിശബ്ദത ഇനി ഓരിയിടും
ശേഷിക്കും ഇളംജീവനുകള്‍
ഗിരിനിരകളില്‍ തളര്‍ന്നുറങ്ങും

നീരുറവയുമായിനി നദികളെ
പര്‍വ്വതങ്ങള്‍ ജനിപ്പിക്കുകില്ല
പകരം ചോര കിനിഞ്ഞിറങ്ങും
രക്തവര്‍ണ്ണം അണിഞ്ഞിടും ഭൂമി

മനുഷ്യന്‍ ഉരിഞ്ഞെറിഞ്ഞ
തോല്‍കൊണ്ടു കുപ്പായം തുന്നാന്‍
വനാന്തരങ്ങളിലുടനീളം 
അറച്ചു നില്‍ക്കുന്നു മൃഗങ്ങള്‍

സ്വാതന്ത്ര്യം വച്ചുനീട്ടിയ
ഉടയവന്‍റെ കൈകള്‍
ഭൂമിക്കും സ്വര്‍ഗത്തിനും  മദ്ധ്യേ
മനുഷ്യര്‍ തീര്‍ത്ത വിലങ്ങിലത്രേ.

Wednesday, May 14, 2014

ദൂരവും കാലവും

ദൂരവും കാലവും
___________________

നിന്‍റെ ഇന്ന് നീ എന്നോട് സംസാരിക്കുമ്പോള്‍
എന്‍റെ ഇന്ന് ഞാന്‍ അത് കേള്‍ക്കുന്നെങ്കിലും
ചുമരിലെ കലണ്ടര്‍ നമ്മെ പരിഹസിക്കുന്നു
കാരണം നീ പറയുന്നത് എന്‍റെ ഇന്നലെയും
ഞാന്‍ കേള്‍ക്കുന്നത് എന്‍റെ ഇന്നുമാണ്
നീ പറയുന്നത് നിന്‍റെ ഇന്നും
ഞാന്‍ കേള്‍ക്കുന്നത് നിന്‍റെ നാളെയുമാണ്‌
സംസാരിക്കുമ്പോള്‍തന്നെ കേള്‍ക്കുന്നെങ്കിലും
ഒന്ന് ഇന്നലത്തേതും ഒന്ന് ഇന്നത്തേതുമാണ്
ഒന്ന് ഇന്നത്തേതും ഒന്ന് നാളത്തേതുമാണ്
ദൂരങ്ങളില്‍ ഇരുന്നു ഒരേ സമയം
വിചാരങ്ങള്‍ പങ്കിടാന്‍ കഴിയുന്നെങ്കിലും
നിന്‍റെ ഇന്നിനെ എന്‍റെ ഇന്നാക്കാനോ
എന്‍റെ ഇന്നിനെ നിന്‍റെ ഇന്നാക്കാനോ
നമുക്ക് പരസ്പരം കഴിയുന്നില്ലല്ലോ!