ആ പുഴയില്‍ നിശ്ചലം ഒഴുകുന്നത്
ആകാശത്തിന്റെ പ്രതിബിംബമെന്നു
കളവ് പറഞ്ഞതാരാണ് ?
ആ ഗ്രാമത്തിലെ വീടുകളില്‍
ഇപ്പോള്‍ വെള്ളപ്പൊക്കമെന്നു
നുണ പറഞ്ഞതാരാണ്?
ആ നാട്ടില്‍ ഈ നേരം
മരണഭീതി വിതക്കുന്നവര്‍
ഭ്രാന്തരെന്നബദ്ധം ചിന്തിച്ചതെന്തേ?
നിശബ്ദത ഇനി ഓരിയിടും
ശേഷിക്കും ഇളംജീവനുകള്‍
ഗിരിനിരകളില്‍ തളര്‍ന്നുറങ്ങും
നീരുറവയുമായിനി നദികളെ
പര്‍വ്വതങ്ങള്‍ ജനിപ്പിക്കുകില്ല
പകരം ചോര കിനിഞ്ഞിറങ്ങും
രക്തവര്‍ണ്ണം അണിഞ്ഞിടും ഭൂമി
മനുഷ്യന്‍ ഉരിഞ്ഞെറിഞ്ഞ
തോല്‍കൊണ്ടു കുപ്പായം തുന്നാന്‍
വനാന്തരങ്ങളിലുടനീളം
അറച്ചു നില്‍ക്കുന്നു മൃഗങ്ങള്‍
സ്വാതന്ത്ര്യം വച്ചുനീട്ടിയ
ഉടയവന്‍റെ കൈകള്‍
ഭൂമിക്കും സ്വര്‍ഗത്തിനും മദ്ധ്യേ
മനുഷ്യര്‍ തീര്‍ത്ത വിലങ്ങിലത്രേ.