തിരുവോണനാൾ ഒരു പാട് ആകസ്മികതകളിലേക്കാണ് പുലർന്നത്...കഴിഞ്ഞ ഓണവും ഇവിടെ ആയിരുന്നെങ്കിലും നാട്ടിൽ നിന്ന് വന്നു ഏതാനും ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ എന്നത് കൊണ്ട് അത്രക്കങ്ങു മിസ്സ് ചെയ്തിരുന്നില്ല. ഒരു വർഷം അന്യ നാട്ടിൽ പൂർത്തിയായതു കൊണ്ടാവാം ഈ വർഷത്തെ ഓണം വല്ലാതെ മിസ്സ് ചെയ്തത്....തിരുവോണ നാളിലെ ഓണം ഓർമ്മയിൽ മാത്രം ഉണ്ണാൻ മനസ്സ് പാകപ്പെടുത്തിയിരുന്നു... പക്ഷെ ഒരു ഓണസദ്യയേക്കാളും വിലമതിക്കുന്നതാണ് കാത്തിരുന്നത്...
റോമാ രൂപതയിലെ വൈദികരും ഫ്രാൻസിസ് പാപ്പായും തമ്മിലുള്ള കൂടിക്കാഴ്ചക്കു പോകാൻ വികാരി അച്ചനു 2 ടിക്കറ്റ് മാത്രമേ കിട്ടിയിരുന്നുള്ളൂ...ഒന്ന് അച്ചന്... ബാക്കിയായത് 2 പേർക്കുകൂടി ഒരു ടിക്കറ്റ്...ഒരു മാസത്തേക്ക് മാത്രം ഇവിടെ വന്നവന് അതിന്മേൽ എന്തവകാശം....വിനയത്തോടെ തന്നെ പിന്മാറി...എങ്കിലും "3 പേര്ക്കും ഒരുമിച്ചു പോയി നോക്കാം...നിന്നെ കയറ്റിവിട്ടാൽ പാപ്പയെ കാണാം...അല്ലെങ്കിൽ നീ അടുത്ത ബസിനു തിരിച്ചു പോരെ..." വികാരി അച്ചന്റെ ഈ വാക്കുകൾ അല്പം പ്രതീക്ഷക്കു വക നല്കി...തലേദിവസം രാത്രിയിൽ ഈ അൽപ പ്രതീക്ഷയോടെയാണ് ഉറങ്ങാൻ പോയത്...അടുത്ത സുഹൃത്തുക്കളോട് മാത്രം പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു... തിരുവോണ നാൾ പുലർന്നു... രാവിലെ വികാരി അച്ചൻ വാതിലിൽ മുട്ടി... മാവേലിയുടെ നന്മയോടെ അദ്ദേഹം എന്റെ കൈയിലേക്കു നീട്ടിയത് 2 ടിക്കറ്റ് അടങ്ങുന്ന കവർ..."ഞാൻ ടിക്കറ്റ് ഇല്ലാതെ കയറാൻ ശ്രമിക്കാം...നിങ്ങൾ 2 ഉം ഇതും കൊണ്ട് പോരെ...." ഒരു ഓണസമ്മാനമാണ് കൈയിലേക്ക് വെച്ച് നീട്ടിയതെന്നു ആ ഇറ്റാലിയൻ വൈദികന് പക്ഷെ അറിയില്ലല്ലോ...പാപ്പയുടെ മീറ്റിങ്ങിൽ പങ്കെടുക്കാൻ എനിക്കും സാധിക്കും... മനസ് excited ആയി എന്ന് തന്നെ പറയാം...
നാട്ടിൽ എല്ലാവരും ഓണം ഉണ്ണുന്ന സമയത്ത് തമിഴ്നാട്ടുകാരനായ സഹവൈദികനുമൊത്തു ഞാൻ സാൻ ജൊവാന്നി കത്തീഡ്രലിലേക്ക് യാത്രയായി. ചെന്നപ്പോഴേക്കും പാപ്പ എത്തിയിരുന്നു...ഞങ്ങൾ ഏറ്റവും പുറകിലായി കിട്ടിയ ഇരിപ്പിടം പിടിച്ചു... തൊട്ടു മുന്നിൽ മാത്യു നായ്ക്കംപറമ്പിലച്ചൻ...അതും ഒരു ആകസ്മികത...കൃത്യ സമയത്ത് മീറ്റിംഗ് ആരംഭിച്ചു... ഒരു കൊച്ചു കുഞ്ഞിനു പോലും മനസിലാകുന്ന ഭാഷാശൈലിയിൽ വൈദിക ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു ചെറു പ്രബോധനം ...ആദ്യസ്നേഹത്തിന്റെ യുവത്വത്തിലേക്ക് മടങ്ങാൻ ഉള്ളിൽ തട്ടിയൊരു ഉപദേശം ... ഇപ്പോഴും ഒരു വൈദികനായിരിക്കുന്നതിലാണ് സംതൃപ്തി എന്ന് ആത്മാർത്ഥമായ ഒരു തുറന്നുപറച്ചിൽ... ഒരു അപ്പൻ മക്കളോട് സംസാരിക്കുന്നതു പോലെ... ദൈവത്തിന്റെ കരുണയെക്കുറിച്ച് ഇടതടവില്ലാതെ സംസാരിക്കുന്ന ഈ വയോധികനു ഒരു അപ്പന്റെ ഭാവം ഇല്ലെങ്കിൽ അല്ലെ അദ്ഭുതപ്പെടേണ്ടതുള്ളൂ... ഇടക്കൊക്കെ ചെറു കുശലങ്ങൾ...ഏതാനും വൈദികർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറച്ചിൽ... രണ്ടു മണിക്കൂർ പോയത് അറിഞ്ഞില്ല...ഒടുവിൽ ത്രികാലജപം ചൊല്ലി സമാപനാശീർവാദം...

കത്തീഡ്രൽ ദൈവാലയത്തിന്റെ മധ്യഭാഗത്തെ പാതയിലൂടെ എല്ലാവരുടെയും അടുത്തേക്ക് വരുമെന്ന് കരുതി ഒന്നു കാത്തു നിന്നു...എന്നാൽ അദ്ദേഹം പോയത് കത്തീഡ്രലിൽ ശുശ്രൂഷ ചെയുന്ന വൈദികരെ അഭിവാദ്യം ചെയ്യുവാനാണ്...ഒന്ന് അടുത്ത് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന പരിഭവത്തോടെ തിരിച്ചു പോരാൻ ഒരുങ്ങിയപ്പോഴാണ് ദൈവാലയത്തിന്റെ മുൻഭാഗത്ത് കുറെ വൈദികർ ഇപ്പോഴും നില്ക്കുന്നത് ശ്രദ്ധയിൽപെട്ടത്...ഞങ്ങൾ അങ്ങോട്ടേക്ക്...എല്ലാവരും പാപ്പയെ ഒരിക്കൽക്കൂടി ഒന്ന് കാണാൻ കാത്തു നില്ക്കുകയാണ്...ഒടുവിൽ എല്ലാ കണ്ണുകളും ഒരു ദിശയിലേക്കു... ഇതാ വത്തിക്കാന്റെ മട്ടുപ്പാവിൽ നിന്ന് ലോകത്തിന്റെ മുന്പിൽ ശിരസ്സ് കുനിച്ചു പ്രാർത്ഥന യാചിച്ച... ദൈവത്തിന്റെ കരുണയുടെ പാട്ടുകാരൻ ഞങ്ങളുടെ സമീപത്തേക്ക്... വിശുദ്ധിയുടെ സംതൃപ്തി നിറഞ്ഞ... പക്വതയുടെയും ദൈവാനുഭവത്തിന്റെയും ചുളിവുകൾ നിറഞ്ഞ ആ വശ്യതയാർന്ന മുഖം ഒന്നുകാണാൻ ഈ അഞ്ചടി അഞ്ചിഞ്ചുകാരന് കാൽവിരലിൽ ഉയർന്നു നില്ക്കേണ്ടി വന്നു... ഇതാ പാപ്പ തൊട്ടരികിൽ...എനിക്കും പാപ്പായ്ക്കും ഇടയിൽ ഒരാൾ മാത്രം ....തൊട്ടു മുന്പിൽ നിന്ന ആ വൈദികന്റെ ഇടത്തെ തോളിനു മുകളിലൂടെ എന്റെ കരം പാപ്പയുടെ നേരെ ഒന്ന് നീട്ടിയെങ്കിലും അതിൽ ഒന്ന് സ്പർശിക്കാനായില്ല...ഞൊടിയിട വേഗത്തിലാണ് ഞാൻ ആ വൈദികന്റെ വലത്തേ തോളിനു മുകളിലൂടെ ഒന്നു കൂടി എന്റെ കൈ നീട്ടിയത്... പവിത്രതയുടെ വെണ്മ നിറഞ്ഞ ഫ്രാൻസിസ് പാപ്പയുടെ വലതുകരം എന്റെ കൈ പിടിച്ചു ഒന്നു കുലുക്കി... ദൈവമേ ഈ തിരുവോണ നാളിൽ നീ എനിക്കായി കാത്തുവച്ച ഏറ്റവും വലിയ ആകസ്മികത ഇതായിരുന്നല്ലോ...
തിരികെ വന്നു ഇറ്റാലിയൻ പാസ്ത കഴിക്കുമ്പോൾ വിഷമം ഒന്നും തോന്നിയില്ല...കാരണം മനസ്സ് അത്രക്കങ്ങു നിറഞ്ഞിരുന്നു...