ഋതുശബ്ദങ്ങള്‍

എന്റെ അക്ഷരലോകം

Wednesday, May 14, 2014

ദൂരവും കാലവും

ദൂരവും കാലവും
___________________

നിന്‍റെ ഇന്ന് നീ എന്നോട് സംസാരിക്കുമ്പോള്‍
എന്‍റെ ഇന്ന് ഞാന്‍ അത് കേള്‍ക്കുന്നെങ്കിലും
ചുമരിലെ കലണ്ടര്‍ നമ്മെ പരിഹസിക്കുന്നു
കാരണം നീ പറയുന്നത് എന്‍റെ ഇന്നലെയും
ഞാന്‍ കേള്‍ക്കുന്നത് എന്‍റെ ഇന്നുമാണ്
നീ പറയുന്നത് നിന്‍റെ ഇന്നും
ഞാന്‍ കേള്‍ക്കുന്നത് നിന്‍റെ നാളെയുമാണ്‌
സംസാരിക്കുമ്പോള്‍തന്നെ കേള്‍ക്കുന്നെങ്കിലും
ഒന്ന് ഇന്നലത്തേതും ഒന്ന് ഇന്നത്തേതുമാണ്
ഒന്ന് ഇന്നത്തേതും ഒന്ന് നാളത്തേതുമാണ്
ദൂരങ്ങളില്‍ ഇരുന്നു ഒരേ സമയം
വിചാരങ്ങള്‍ പങ്കിടാന്‍ കഴിയുന്നെങ്കിലും
നിന്‍റെ ഇന്നിനെ എന്‍റെ ഇന്നാക്കാനോ
എന്‍റെ ഇന്നിനെ നിന്‍റെ ഇന്നാക്കാനോ
നമുക്ക് പരസ്പരം കഴിയുന്നില്ലല്ലോ!

Sunday, February 23, 2014

ഞാനും അവനും

  

മേഘത്തേരിലേറി 
ഒരു മന:യാത്ര, ദൂരെ ഒരു പ്രകാശഗോളം...
അടുക്കുന്തോറും
സ്വഭാരം കുറയുന്നു 
പഞ്ഞിക്കെട്ടുപോലെ. 
ഗോളമിപ്പോള്‍ 
മനുഷ്യമുഖം പോലെ. 
വലിച്ചടുപ്പിക്കുന്ന കാന്തികത
തൂവെള്ള ദീക്ഷ 
പ്രസന്ന മുഖം  
ചെറു പുഞ്ചിരി 
പറ്റിപ്പിടിച്ചു ഞാന്‍.
അംഗുലീ സ്പര്‍ശത്തില്‍
നിമിഷാര്‍ദ്ധ വേഗത്തില്‍ 
ഭൂതകാല കാഴ്ചകള്‍ 
ഇരുള്‍മറയില്‍ ഞാന്‍ രചിച്ച  
ജീവിത ചിത്രങ്ങള്‍ 
ആ മുഖത്തപ്പോള്‍ വിഷാദം 
എന്‍ മുഖത്തോ ലജ്ജയും 
കവിളുകളില്‍ നനവ് 
വാല്‍സല്യമാര്‍ന്ന കരഗ്രഹം
"അരുത്, ഇനിയുമരുത്"
ആ കണ്ണുകളുടെ സംസാരം 
മൂര്‍ദ്ധാവിലൊരു ചുംബനം
നെഞ്ചോട് ചേര്‍ത്തൊരാലിംഗനം 
ഉള്ളിലൊരു ഒഴിഞ്ഞു പോകല്‍ 
ഇപ്പോള്‍ ആ കൈകളില്‍ 
മുറുക്കിപ്പിടിക്കുന്നത് ഞാനാണ് 

ഒരുമിച്ചൊരു സവാരി 
ഞാനിപ്പോള്‍ കാണി 
കാഴ്ച്ചകളുടെ അരങ്ങ്
ആ മുഖത്തട്ടാണ്  
ചിലപ്പോള്‍ അത് ഇരുളും 
താഴെ  ഒരു കുഞ്ഞുപൂവ് 
നിലവിളിക്കുന്നുണ്ടാവും 
ആ നെഞ്ചില്‍ ചെവി ചേര്‍ത്തു 
എനിക്കത് കേള്‍ക്കാമായിരുന്നു

ചിലപ്പോള്‍ അത് ക്രുദ്ധം
അരങ്ങിലപ്പോള്‍ 
പൂവിനെ ഞെരിച്ചമര്‍ത്തിയ
നിഷാദന്‍റെ സഞ്ചാരം 

ഇപ്പോള്‍ സുസ്മിത മുഖം  
അകലങ്ങളില്‍ ഒരു കൂരയില്‍ 
വെളിച്ചം പരക്കുന്നു
ഒരമ്മക്കരച്ചിലിന്‍ മീതെ
ഒരു ഇളംപുഞ്ചിരി
ചിറകു വിരിക്കുന്നു

ചില നേരങ്ങളില്‍ 
ആ കവിളുകളില്‍ 
നനവുണങ്ങുന്നില്ല
മിന്നല്‍ പിണര്‍ പോല്‍ 
ഒരായിരം കദനചിത്രങ്ങള്‍ 
ഇരുണ്ട നിഴലുകള്‍ ചലിക്കുന്ന
വീടുകള്‍, സ്കൂളുകള്‍
വഴിയോരങ്ങള്‍, ബസ്സുകള്‍
തീവണ്ടി പാളങ്ങള്‍
ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലെ
ഇരുള്‍ വീഴും തുരുത്തുകള്‍
അവന്‍റെ നാഡി മിടിപ്പിന്‍റെ 
ദ്രുതതാളത്തില്‍ കേള്‍ക്കാം
ഇളതും വലുതുമായ 
ലിംഗഭേദമില്ലാത്ത
അമര്‍ന്ന നിലവിളികള്‍

വീണ്ടും ഒരു പുഞ്ചിരി വെട്ടം 
താഴെ ചില വെളിച്ചക്കീറുകള്‍ 
ഇരുളിലേക്ക് നടന്നടുക്കുന്നു 
അവയ്ക്കും മനുഷ്യമുഖം തന്നെ

യാത്രാന്ത്യത്തിലെ തിരിച്ചറിവ് 
അവനുമുണ്ട് കണ്ണീര്‍ ഗ്രന്ഥികള്‍ 
ഭാവമാറ്റങ്ങള്‍ക്കു കാരണം നമ്മള്‍

Saturday, January 18, 2014

അതിജീവനം

അതിജീവനം 

നന്മയിലേക്ക് 
കാഴ്ച തിരിച്ചപ്പോള്‍  
എന്‍റെ കണ്ണുകളവര്‍
ചൂഴ്ന്നെടുത്തു

നല്ല വാക്കുകളിലേക്കു 
കാതു തുറന്നപ്പോള്‍ 
എന്റെ ചെവികളവര്‍ 
തുരന്നെടുത്തു 

പുണ്യത്തെക്കുറിച്ച് 
പാടിയപ്പോഴാണ് 
എന്‍റെ നാവവര്‍  
അറുത്ത്മാറ്റിയത്  

പറുദീസയിലേക്ക്
നടന്നടുത്തപ്പോഴാണ് 
അവരെന്‍റെ കാലുകള്‍ 
ഛെദിച്ചെടുത്തത്

കാരുണ്യം മെനഞ്ഞപ്പോ-
ളോടുവിലായി 
അവരെന്‍റെ കൈകള്‍ 
മുറിച്ചെറിഞ്ഞു 
 
അവര്‍ ബാക്കി വെച്ച  
നാസികയാല്‍  
ഞാനിന്നും
നന്മ മാത്രം ശ്വസിക്കുന്നു

കരുവാളിച്ച 
ചുണ്ടുകളില്‍ ഇപ്പോഴും 
അതി സുന്ദരമായ 
പുഞ്ചിരി വിടരാറുണ്ട്