ഋതുശബ്ദങ്ങള്‍

എന്റെ അക്ഷരലോകം

Saturday, January 18, 2014

അതിജീവനം

അതിജീവനം 

നന്മയിലേക്ക് 
കാഴ്ച തിരിച്ചപ്പോള്‍  
എന്‍റെ കണ്ണുകളവര്‍
ചൂഴ്ന്നെടുത്തു

നല്ല വാക്കുകളിലേക്കു 
കാതു തുറന്നപ്പോള്‍ 
എന്റെ ചെവികളവര്‍ 
തുരന്നെടുത്തു 

പുണ്യത്തെക്കുറിച്ച് 
പാടിയപ്പോഴാണ് 
എന്‍റെ നാവവര്‍  
അറുത്ത്മാറ്റിയത്  

പറുദീസയിലേക്ക്
നടന്നടുത്തപ്പോഴാണ് 
അവരെന്‍റെ കാലുകള്‍ 
ഛെദിച്ചെടുത്തത്

കാരുണ്യം മെനഞ്ഞപ്പോ-
ളോടുവിലായി 
അവരെന്‍റെ കൈകള്‍ 
മുറിച്ചെറിഞ്ഞു 
 
അവര്‍ ബാക്കി വെച്ച  
നാസികയാല്‍  
ഞാനിന്നും
നന്മ മാത്രം ശ്വസിക്കുന്നു

കരുവാളിച്ച 
ചുണ്ടുകളില്‍ ഇപ്പോഴും 
അതി സുന്ദരമായ 
പുഞ്ചിരി വിടരാറുണ്ട്