പുതുനാമ്പുകൾ (കഥ- 2005 ൽ എഴുതിയത്)
മനസ്സിലെ സംഘർഷം ഒന്നു കുറയട്ടെ എന്നു കരുതിയാണ് വരാന്തയിൽ ഒരു കസേരയിട്ട് ഇരുന്നത്. പക്ഷേ, പോക്കുവെയിലിന്റെ കിരണങ്ങൾ മുഖത്തേക്ക് അടിച്ചപ്പോൾ അസ്വസ്ഥത വർദ്ധിക്കുകയാണ് ചെയ്തത്. ഞാൻ എഴുന്നേറ്റ് മുറിയിൽ ചെന്ന് കിടന്നു.
ഇന്നലെ പുലർച്ചെയായിരുന്നു ആ സംഭവം. വലിയ ശബ്ദം കേട്ടാണ് ഞാനുണർന്നത്. പുറത്ത് മഴയുണ്ടായിരുന്നു.എന്റെ കൈവിരൽ ബെഡ് ലാമ്പിന്റെ സ്വിച്ചിലമർന്നു. ടൈംപീസിൽ സമയം 4 മണി. ഭാര്യയെ നോക്കി, അവൾ ഒന്നും അറിഞ്ഞിട്ടില്ല. ശബ്ദം എവിടെ നിന്നാണെന്നു അറിയാനുള്ള ആഗ്രഹം എന്റെ ഉറക്കച്ചടവിനു വിരാമമിട്ടു. ജനൽപാളികളിലൂടെ ഉള്ളിലേക്ക് വന്നുകൊണ്ടിരുന്ന മിന്നൽ വെളിച്ചം എന്നെ അല്പം ഭീതിദനാക്കി. എങ്കിലും ഞാൻ എഴുന്നേറ്റു വാതിൽ തുറന്നു. മഴത്തുള്ളികൾ ദേഹത്തേക്ക് പതിച്ചപ്പോൾ അദ്ഭുതം തോന്നി, മുമ്പൊരിക്കലും സംഭവിക്കാത്ത കാര്യമാണത്. സംഭവിച്ചത് എന്തെന്നറിയാൻ വരാന്തയിലേക്കിറങ്ങി. എനിക്ക് വിശ്വസിക്കാനായില്ല. അപ്പോൾ ഉണ്ടായ മിന്നലിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു- എന്റെ പ്രിയപ്പെട്ട മാവ്..!!!. ശക്തമായ കാറ്റും ഇടയ്ക്കിടെയുണ്ടായിക്കൊണ്ടിരുന്ന ഇടിമിന്നലും എന്നെ ഭയപ്പെടുത്തിയില്ല. കാരണം ഒരു തരം മരവിപ്പായിരുന്നു എനിക്കപ്പോൾ. മരവിച്ച മനസ്സുമായി ഞാൻ അരഭിത്തിയിൽ കൈയൂന്നി നിന്നു. കാറ്റു കൊണ്ടുവന്ന മഴത്തുള്ളികൾ ഇതിനകം എന്നെ നനച്ചിരുന്നു. മഴ ഉളവാക്കിയ അവ്യക്തതകൾക്കിടയിലും വീണു കിടക്കുന്ന മാവിനെ നോക്കികൊണ്ട് ഞാൻ അതേ നില്പ്പ് തുടർന്നു.
നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ കോണിലെ ഈ വീട് വാങ്ങുവാൻ എനിക്കു പ്രേരണയായത് മുറ്റത്തെ മരങ്ങളായിരുന്നു. ഞാനേറ്റവും ഇഷ്ടപ്പെട്ടത് കിടപ്പുമുറിയോടു ചേർന്നുള്ള മാവിനെയാണ്. പുലരികളിൽ അതിന്റെ ഇലച്ചാർത്തുകളിൽ തങ്ങി നില്ക്കുന്ന മഞ്ഞുതുള്ളികൾ കൈക്കുമ്പിളിൽ ശേഖരിക്കുക എന്റെ വിനോദമായിരുന്നു; ഭാര്യ എന്നും പരിഹസിച്ചിരുന്ന ശീലം. മഴ പെയ്യുമ്പോൾ ഞാൻ വരാന്തയിൽ നിലയുറപ്പിക്കും. ഒരു ഇലയിൽ പതിയുന്ന മഴത്തുള്ളി അതിന്റെ തുമ്പിൽ നിന്നും അടുത്ത ഇലയിലേക്ക് പതിച്ച് ഒടുവിൽ മാഞ്ചോട്ടിൽ ഒരു നനവാകുന്നത് കാണുവാൻ ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു. ഇലകൾ തോറുമുള്ള മഴത്തുള്ളികളുടെ ചുംബനം...!
ഞാൻ അതേ നിലയിൽതന്നെ നില്ക്കുകയാണ്. മനസ്സിലെ മരവിപ്പ് ഇതിനകം കാലുകളിലേക്ക് പടർന്നിരുന്നു. എങ്കിലും പിൻവാങ്ങാൻ തോന്നിയില്ല.
മഴ ഒന്നടങ്ങിയപ്പോൾ ഉദയസൂര്യൻ വെളിച്ചം കാട്ടി. ഇപ്പോൾ എന്റെ മാവിന്റെ അവസ്ഥ കൂടുതൽ വ്യക്തമാണ്. വേരോടെ കട പുഴകിയിരിക്കുകയാണ്. ആ നിരയിൽതന്നെയുള്ള മറ്റൊരു മാവിന്റെ ചുവട്ടിലാണ് ശിരസ്സ് കിടക്കുന്നത്. തനിക്കു കൂട്ടായി ഇത്രയും നാൾ നിന്നിരുന്ന ചങ്ങാതിയെ ആ മാവ് തന്റെ ഇലകൾകൊണ്ടു തലോടുന്നുണ്ടായിരുന്നു. തന്റെ ഇലകളിൽ അപ്പോഴും തങ്ങി നിന്നിരുന്ന മഴത്തുള്ളികളെ ആ മാവ് തന്റെ ചങ്ങാതിയുടെ മേൽ പൊഴിച്ചു- ആത്മസുഹൃത്തിനുള്ള അശ്രുപൂജ കണക്കേ...!
മാവ് മരിച്ചു...ഒരു ഞെട്ടലോടെയാണ് ഞാൻ അങ്ങനെ ചിന്തിച്ചത്. ഉറ്റ സുഹൃത്താണ് താഴെ മരിച്ചു കിടക്കുന്നത്. പീള കെട്ടിയ കണ്പോളകളിലൂടെ നനവിറങ്ങുന്നത് ഞാനറിഞ്ഞു.
"ഇതെന്തു ഭ്രാന്താണ്? വെളുപ്പാൻ കാലത്ത് മഴ നനഞ്ഞ്..." ഭാര്യയാണ്. മരിച്ചു കിടക്കുന്ന സുഹൃത്തിന്റെ നേരെ ഞാൻ വിരൽ ചൂണ്ടി. "ഇനിയെങ്കിലും ഈ വീട്ടിൽ നേരേ ചൊവ്വേ വെളിച്ചം കേറൂല്ലോ." അവൾക്കത് ആശ്വാസം. ഒന്നും മിണ്ടാതെ ഞാൻ എന്റെ മുറിയിലേക്ക് പിൻവാങ്ങി. കിടക്കയിൽ കിടക്കുമ്പോഴും മാവിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത. സ്വാദേറിയ മാമ്പഴം തിന്നാൻ വന്നിരുന്ന അണ്ണാറക്കണ്ണനും ശിഖരങ്ങളിൽ ചേക്കേറിയിരുന്ന കിളികളും ഇനി എനിക്കന്യമാകുമെന്നു നടുക്കത്തോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.
മേശപ്പുറത്തിരുന്ന ഡയറിയിൽ ഇങ്ങനെ കുറിച്ചു: "പുലർച്ചെ നാലു മണിക്ക് ശക്തമായ കാറ്റിലും മഴയിലുംപെട്ട് എന്റെ പ്രിയപ്പെട്ട മൂവാണ്ടൻ മാവ് മരണമടഞ്ഞു. പത്രം വായിക്കുമ്പോഴും പകൽസമയം മറ്റു കാര്യങ്ങളിൽ എർപ്പെട്ടപ്പോഴും മനസ്സിൽ ഒരു തരം ശൂന്യത ആയിരുന്നു. "വീണിടത്തു തന്നെ മാവ് കിടക്കട്ടെ. വെട്ടി മാറ്റേണ്ട," ഞാൻ തീരുമാനിച്ചു. കാരണം മാവിന്റെ അസാന്നിധ്യം തീർക്കുന്ന ശൂന്യത എനിക്കുൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. മറ്റൊന്നും ചെയ്യാൻ കഴിയാതിരുന്നതുകൊണ്ടാണ് ഉച്ച കഴിഞ്ഞപ്പോൾ പുറത്തേക്കിറങ്ങിയത്. ശക്തമായി പെയ്ത മഴ നടത്തത്തിനു ഇടയ്ക്കിടെ വിഘാതം സൃഷ്ടിച്ചു. എനിക്ക് ആദ്യമായി മഴയോട് വെറുപ്പ് തോന്നി. "ഈ മഴയല്ലേ എന്റെ മാവിനെ വീഴ്ത്തിയത്?" വെയ്റ്റിംഗ് ഷെഡുകളിൽ ഇടയ്ക്കിരുന്നും മഴ കുറയുമ്പോൾ നടന്നും തലേദിവസത്തെ മഴ വിതച്ച ദുരന്തങ്ങൾ നോക്കിക്കണ്ടു. എന്റെ നഷ്ടത്തോളം വലുതായി മറ്റൊന്നും കാണാൻ എനിക്ക് കഴിഞ്ഞില്ല. തിരികെ എത്തിയപ്പോൾ നന്നേ ഇരുട്ടിയിരുന്നു.
ഇന്നു രാവിലത്തെ കാഴ്ച എന്നെ കൂടുതൽ നടുക്കികളഞ്ഞു- മാവ് മുറിച്ചു മാറ്റിയിരിക്കുന്നു...!!! ഇന്നലെ ഞാൻ പുറത്തു പോയപ്പോൾ ഭാര്യ പണിക്കാരെ കൂട്ടി ചെയ്തതാണ്. ഒരു കലഹം വേണ്ടെന്നു മനസ്സ് പറഞ്ഞു. എന്റെ ആശയങ്ങളുമായി അവൾ ഒരിക്കലും യോജിക്കാറില്ലല്ലോ. കമ്പുകളും ചില്ലകളും അടുക്കളപ്പുറത്ത് ഉണക്കാൻ ഇട്ടിരിക്കുന്നു. അവ കൊണ്ടുണ്ടാക്കുന്ന കാപ്പിയും ചോറുമൊക്കെ നിസംഗനായി കഴിക്കേണ്ട അവസ്ഥ ഞാൻ മനസ്സിൽ കണ്ടു. മുറിച്ചിട്ട തടികളിലെ വെള്ളയിലേക്ക് കറ ചോര കണക്കേ ഒഴുകിയിറങ്ങിയിരിക്കുന്നു. ദേഷ്യവും സങ്കടവുമെല്ലാം നിറഞ്ഞ പ്രത്യേക അവസ്ഥയിലായി ഞാൻ. വീട്ടിലിരിക്കാൻ തോന്നിയില്ല, തൊടിയിലിറങ്ങി നടന്നു. മറ്റു മരങ്ങൾക്കൊന്നും എന്നെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. മനസ്സിലെ മുറിപ്പാടിന്റെ ആഴം അത്ര വലുതായിരുന്നു. ഉച്ച കഴിഞ്ഞാണ് വീട്ടിലേക്കു വന്നത്. ഊണു കഴിച്ചില്ല. നേരെ മുറിയിലേക്ക് തന്നെ പോയി. വായിക്കാനും സാധിക്കുന്നില്ല. ഇന്നലെയും ഇന്നുമായി എനിക്കു വന്ന ഭാവമാറ്റം ഭാര്യയിൽ അസ്വസ്ഥത സൃഷ്ടിച്ചു തുടങ്ങിയിരുന്നു. മുറിയുടെ വാതിൽക്കൽ അവളുടെ നിഴലനങ്ങുന്നത് ഞാൻ കണ്ടു. അവൾ ഒന്നും ചോദിച്ചില്ല, ഞാനും... ഞങ്ങൾക്കിടയിലെ നിശബ്ദത മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം അസുഖകരമായി വർദ്ധിക്കുന്നത് ഞാനറിഞ്ഞു.
പഴയ അവസ്ഥയിലേക്ക് തിരികെ വരാൻ ഒരു ശ്രമം കൂടി നടത്താനാണ് മുൻപ് വരാന്തയിൽ കസേരയിട്ടിരുന്നത്. വെയിൽ മുഖത്തേക്കടിച്ചപ്പോൾ എനിക്കെന്നും തണലായിരുന്ന മാവിനെ വീണ്ടും ഓർത്തുപോയി. അതുകൊണ്ടാണ് വീണ്ടും മുറിയിലേക്കുതന്നെ പോന്നത്.
"ദേ ഒന്നിങ്ങു വരാമോ?" ഭാര്യയുടെ വിളി കേട്ടാണ് ഉണർന്നത്. ഇടക്കെപ്പോഴോ മയങ്ങിപ്പോയിരുന്നു. "ശല്യം, എന്തിനാണിപ്പോൾ വിളിക്കുന്നത്!" മനസ്സിൽ ദേഷ്യമായിരുന്നു. എഴുന്നേറ്റ് മുറ്റത്തേക്ക് ചെന്നു. മാവ് നിന്നിരുന്നതിനടുത്ത് അവൾ കുഴി കുഴിക്കുകയാണ്. അവളുടെ അരികിൽ...! "ഈശ്വരാ..."എന്റെ മുറിവിലാണ് അവൾ തഴുകുന്നത്.സന്തോഷമടക്കാനായില്ല. ഞാൻ അടുക്കളയിലേക്കോടി. ഒരു ബക്കറ്റിൽ വെള്ളവുമായി എത്തിയപ്പോഴേക്കും അവൾ അത് നട്ടു കഴിഞ്ഞിരുന്നു. അതിന്റെ ചോട്ടിലേക്ക് ഞാൻ അല്പാല്പമായി വെള്ളം ഒഴിച്ചു കൊണ്ടിരുന്നു. ഭാര്യയുടെ കണ്ണുനീർ ആ മാവിൻതൈയുടെ ഇലകളിലേക്കിറ്റ് വീഴുന്നതു ഞാൻ കണ്ടപ്പോൾ എന്റെ കവിളിലും നനവ് പടർന്നു. അതൊരു തലോടലായി പതിയെ പതിയെ നെഞ്ചിലേക്കും പടർന്നിറങ്ങി. പ്രതീക്ഷയുടെ പുതു നാമ്പുകൾ എന്റെ ഉള്ളിൽ മുളയിടുകയായിരുന്നു. അവൾ എന്റെ മുഖത്തേക്ക് നോക്കി, ഞങ്ങൾ ഒന്നും മിണ്ടിയില്ല. വശ്യമായ വാചാലത നിറഞ്ഞ ആ നിശബ്ദതക്കൊടുവിൽ ഞാനവളെ നെഞ്ചോടു ചേർത്തണച്ചു. അപ്പോൾ പെയ്തു തുടങ്ങിയ മഴയുടെ വെള്ളിനൂലുകൾ ഞങ്ങളിരുവരെയും തഴുകിക്കൊണ്ടിരുന്നു!!!
-- അനൂപ് വർഗീസ് പന്തിരായിതടത്തിൽ 
നന്നായിരിക്കുന്നു
ReplyDeleteഎഴുത്ത് തുടരുക
അച്ചാ കൊള്ളാം...
ReplyDelete