---ഭൂമി പറഞ്ഞ കാര്യങ്ങള്‍ ---
ആല്‍ച്ചുവട്ടില്‍ കിടന്നവന്‍റെ കാതില്‍
ഭൂമിയോതി ഒരു രഹസ്യം
എന്‍റെ നെഞ്ചെന്നും മിടിച്ചിരുന്നു
ചങ്കിനുമേല്‍ തീവണ്ടി ഓടിച്ച നിങ്ങള്‍
നിങ്ങള്‍ക്കു വേണ്ടി മിടിച്ച ഈ നെഞ്ചിന്‍
തുടിപ്പുകളൊന്നും അറിയാതെ പോയി
അതിവേഗ വണ്ടികളെന്നെ കടന്നപ്പോള്‍,
യന്ത്രങ്ങളുടെ കഠിനമാം ഇരമ്പലുകളില്‍
അവയൊക്കെയും അമര്‍ന്നു പോയി
അതിദ്രുതമെന്നില്‍ ഇരട്ടിച്ച സ്പന്ദന താളങ്ങളില്‍
അലറി കരഞ്ഞെന്‍റെ നെഞ്ച് പൊട്ടി
ഉരുള്‍ പൊട്ടലെന്നും ഭൂകമ്പമെന്നും
പേര്‍ വിളിച്ചു നിങ്ങള്‍ എനിക്കെതിരായി
പോര്‍ വിളി കൂട്ടുന്നു പിന്നെയും
എന്‍ സ്പന്ദനത്തിന്നപതാളം കേള്‍ക്കാതിരുന്നതും
ഈ ഹൃദയത്തിന്‍ നേര്‍സ്വരങ്ങളെ ബധിരമായി
ശ്രവിച്ചതും എന്‍ മക്കള്‍ നിങ്ങളല്ലേ?
എന്‍ ഉയരങ്ങളെ നിരപ്പാക്കിയതും
ആഴത്തെ തുരന്നതും തുണിയുരിഞ്ഞതും
പാലൊഴുകിയ മുലകളറുത്തതും
എന്‍ ഹൃദയമിടിപ്പിന്‍റെ താളമങ്ങനെ
തെറ്റിച്ചതൊക്കെയും നിങ്ങളല്ലേ?
ആല്‍ച്ചുവട്ടില്‍ കിടന്നവന്‍റെ കാതില്‍
ഭൂമി പിന്നെ പറഞ്ഞവ
പാഴായി ഈ മിടിപ്പുകളൊക്കെയും
സ്വന്തമെന്നു നിനച്ച തലമുറ മണ്മറഞ്ഞു
ഇന്നുള്ളോര്‍ തേടാത്ത ഈ ആല്‍മരത്തണല്‍,
വിശ്രമ വാടികള്‍ എനിക്കു ഭാരമാകുന്നു
No comments:
Post a Comment